മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ്:

1996 ല്‍ പാലക്കാട് രൂപതാദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ പിതാവില്‍ പരിശുദ്ധാത്മാവിന്‍റെ അനന്യസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ഏവർക്കും ദൃശ്യമായിരുന്നു. രൂപതയില്‍ മറ്റനേകം കാര്യങ്ങളില്‍ എന്നപോലെ പിതാവിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യവും നയിക്കലും വെളിപ്പെട്ട ഒന്നായിരുന്നു സെഹിയോന്‍ ധ്യാനകേന്ദ്രം (1997) സ്ഥാപിക്കാനുള്ള തീരുമാനം. തുടര്‍ന്നിങ്ങോട്ട് ദശലക്ഷക്കണക്കിന് ജനങ്ങളാണ് സെഹിയോന്‍ മിനിസ്ട്രീസിലൂടെ മാനസാന്തരത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും കടന്നുവന്നത്. ഇതിലെല്ലാം ഉപരിയായ ഒരു ദൈവിക ഇടപെടലായിരുന്നു PDM ന്റെ സ്ഥാപനത്തില്‍ (2018) പിതാവിലൂടെ വെളിപ്പെട്ടത്. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍, മദർ എയ്മി എമ്മാനുവേൽ എന്നിവർ പിതാവിനോടൊത്തായിരിക്കുമ്പോള്‍ പിതാവില്‍ വിളങ്ങിയിരുന്ന ദൈവസ്നേഹം, ആത്മാക്കളുടെ നാശത്തിലുള്ള വേദന, തിരുസഭയുടെ നവീകരണത്തിനുവേണ്ടിയുള്ള അഭിവാഞ്ജ, വൈദികരുടെ വിശുദ്ധീകരണത്തിനുവേണ്ടിയുള്ള ദാഹം, ശക്തമായ വചനപ്രഘോഷണത്തിന്‍റെ കൃപ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ആഴമേറിയ ബോധ്യം, വരദാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യം തുടങ്ങിയവ നേരിട്ട് അനുഭവിച്ചിട്ടുള്ളവയാണ്.
സക്രാരിക്കു മുന്‍പിലിരുന്ന് ധാരാളം സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്ന പിതാവ് വ്യക്തിപരമായ ജീവിതത്തില്‍ ലളിതമായ ജീവിതം നയിക്കാന്‍ നിഷ്ഠ പുലര്‍ത്തിയിരുന്നു. ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന PDM താപസ ജീവിത ശൈലിക്ക് വേണ്ടുന്ന ആഴമായ പ്രാര്‍ത്ഥനയും, ലളിത ജീവിതവും കര്‍ത്താവ് പിതാവിൽ അടിത്തറയിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *