ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, പാലക്കാട് രൂപതയില്‍ പുലാപ്പറ്റ ഇടവകയില്‍ വര്‍ഗീസ്, ത്രേസ്യ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായ വട്ടായിലച്ചനെ ചെറുപ്പം മുതല്‍ ലോകനേട്ടങ്ങളോ, അധികാരങ്ങളോ, സ്ഥാനമാനങ്ങളോ, ലോകത്തിന്‍റെ മറ്റെന്തെങ്കിലുമോ സന്തോഷിപ്പിച്ചിരുന്നില്ല. മറിച്ച് ദൈവത്തെ സ്വന്തമാക്കാന്‍ വേണ്ടി ലോകത്തെ ത്യജിക്കാനുള്ള ആഗ്രഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. അതോടൊപ്പം തന്നെ ആത്മാക്കളെ നേടാന്‍വേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ പരിശുദ്ധാത്മാവ് കൃപയും കര്‍മ്മോത്സുകതയും കൊടുത്തപ്പോള്‍ വൈദിക പരിശീലന കാലഘട്ടത്തില്‍ തന്നെ ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും തീക്ഷ്ണത നിറഞ്ഞ വ്യക്തിത്വവുമുണ്ടായിരുന്ന അച്ചന്‍ ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളും മറ്റ് ആത്മീയ പ്രസിദ്ധീകരണങ്ങളും ഇടവകകളില്‍ കൊണ്ടുചെന്ന് കുടുംബങ്ങള്‍ തോറും ചുമന്ന് കൊണ്ടുപോയി കൊടുത്ത് ആത്മാക്കളെ യേശുവിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയോടൊപ്പം തപസ്സിനും പ്രായശ്ചിത്തത്തിനും വേണ്ടിയുള്ള തന്‍റെ ഉള്‍വിളി തിരിച്ചറിഞ്ഞ ഫിലോസഫി പഠന കാലഘട്ടത്തില്‍ തന്നെ ഏതാനും സഹോദരന്മാരോടുകൂടെ വനത്തിലേയ്ക്ക് പോയി പ്രാര്‍ത്ഥിച്ച വട്ടായിലച്ചന്‍ തന്‍റെ ഈ ഉള്‍വിളി മേജര്‍ സെമിനാരി അധികൃതരോടും തിയോളജി പഠനകാലത്ത് അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവിനോടും പങ്കുവച്ചുകൊണ്ടിരുന്നു. വൈദികനായി ശുശ്രൂഷ ചെയ്യുമ്പോള്‍ ഇതെല്ലാം നിവര്‍ത്തിതമാകും എന്ന് പിതാവില്‍ നിന്ന് ലഭിച്ച പൈതൃക ഉപദേശം ഹൃദയപൂര്‍വം സ്വീകരിച്ച അച്ചന്‍ 1994 ല്‍ പാലക്കാട് രൂപതയില്‍ വൈദികനായി. ആദ്യം ഇടവക വികാരിയായും പിന്നീട് കൃപാവര്‍ഷസമൃദ്ധി നിറഞ്ഞ ശക്തനായ വചന പ്രഘോഷകനായും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അച്ചന്‍ അത്യദ്ധ്വാനം ചെയ്തു. പ്രകടമായ ദൈവികശക്തി പ്രതിഫലിച്ചിരുന്ന അച്ചന്‍റെ ശുശ്രൂഷകളിലൂടെ ദൈവം വലിയ ഫലങ്ങളുളവാക്കി. ദൈവജനത്തെ വചനത്താലും പരിശുദ്ധാത്മാവിനാലും തൊട്ടുണര്‍ത്താന്‍ അച്ചനെ അവിടുന്ന് ഉപയോഗിച്ചു. അപ്പോഴും ആത്മാക്കളുടെ നാശത്തില്‍ അതീവ ദുഃഖിതനായിരുന്ന അച്ചന്‍റെ ആത്മാവിനെ പരിശുദ്ധാത്മാവ് മറ്റെന്തിനോ വേണ്ടി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മാര്‍. ജേക്കബ് മനത്തോടത്ത് പിതാവിനോട് പറയുകയും ചിലപ്പോഴെല്ലാം എഴുതി കൊടുക്കുകയും ചെയ്യുകയുണ്ടായി. ഇവയിലൂടെയെല്ലാം PDM താപസ സമൂഹം രൂപീകരിക്കാന്‍ അച്ചനെ ദൈവം ഒരുക്കുകയായിരുന്നു.
വൈദികരുടെ ധ്യാനങ്ങള്‍ നടത്തിയും, സമര്‍പ്പിതരുടെ നവീകരണത്തിനുവേണ്ടി സാഹചര്യങ്ങളൊരുക്കിയും, അല്മായരെ പരിശീലിപ്പിച്ച് അയച്ചും, അല്മായ മിഷനറി സംഘങ്ങള്‍ രൂപീകരിച്ചും, കൂടെയുള്ള വൈദികരെ ഒരുക്കി ലോകസുവിശേഷ വല്‍ക്കരണത്തിനുവേണ്ടി അയച്ചും, മീഡിയകളിലൂടെ ശക്തമായി ശുശ്രൂഷ ചെയ്തും സഭയെ പ്രതികൂല സാഹചര്യങ്ങളില്‍ ശക്തിപ്പെടുത്തിയപ്പോള്‍ PDM ന്റെ വരും തലമുറകള്‍ക്കുള്ള കാരിസം അച്ചനില്‍ തെളിയുകയായിരുന്നു. അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളിലും പിതാവിനെ അനുസരിച്ചപ്പോഴും, താമസ കാര്യങ്ങളില്‍ താപസ ജീവിതം നയിച്ചപ്പോഴും, താലന്തുകളെല്ലാം ക്രിയാത്മകമായി ഉപയോഗിച്ച് ബ്രഹ്മചര്യ ജീവിതത്തില്‍ പുഷ്പിക്കാന്‍ യത്നിച്ചപ്പോഴും, എല്ലാവരെയും കൂട്ടായ്മയില്‍ ഒരുമിപ്പിക്കാന്‍ അദ്ധ്വാനിച്ചപ്പോഴും PDM താപസ സമൂഹത്തിന്‍റെ സ്ഥാപനത്തിനുവേണ്ടി അച്ചനെ ദൈവം രൂപപ്പെടുത്തുകയായിരുന്നു.